" അറിവിൻ്റെ ആദ്യ മധുരം നുകരാൻ, വിദ്യാലയത്തിലേക്കുള്ള ആദ്യപടികൾ കയറുവാൻ, ആ കുഞ്ഞ് തയ്യാറായി നിന്നു. ബാഗും പേറി, കുഞ്ഞു ഷൂസുമണിഞ്ഞ്, അലങ്കാരമായി വാട്ടർബോട്ടിലും കഴുത്തിൽ തൂക്കി കുഞ്ഞുടുപ്പിൽ അവളെ കണ്ടപ്പോൾ ആ അച്ഛന് അത് ഓർമ്മകളിൽ പകർത്തുവാൻ തോന്നി.
തൻ്റെ ക്യാമറ എടുത്ത്, അവളോട് ചിരിച്ചു നിൽക്കാൻ പറഞ്ഞു. ക്യാമറക്കണ്ണിനോട് ചിരിച്ചു കാണിച്ച അവൾ ഓർത്തു 'അയ്യോ, അച്ഛാ..എൻ്റെ കുട
ഒരു കുഞ്ഞു കാലൻകുട അവളുടെ നേരെ നീട്ടി അമ്മ മന്ദഹസിച്ചു.
'വേഗം എടുക്കൂ, മഴ വരുന്ന ലക്ഷണം കാണുന്നു', ആ അമ്മ ഓർമ്മിപ്പിച്ചു.
അതിവേഗം ആ ഓർമ്മ ക്യാമറക്കണ്ണിൽ പകർത്തി അച്ഛൻ തന്റെ കുഞ്ഞിനെ വാരി വണ്ടിയിൽ ഇരുത്തി, ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി പാഞ്ഞു.
അവർ ബസ് സ്റ്റോപ്പിന്റെ മറവിൽ കയറിനിന്ന പാടെ മഴത്തുള്ളികൾ ഭൂമിയെ നോക്കി യാത്രതിരിച്ചു. അവൾ അച്ഛനോട് ചേർന്ന് മറഞ്ഞുനിന്നു. പ്ലേ സ്കൂളിൽ പോയിട്ടുണ്ടെങ്കിലും ഒരു വലിയ വിദ്യാലയത്തിലേക്ക് ആദ്യമായാണ്, അതും ഒറ്റയ്ക്ക്. അവളുടെ മനസ്സിൽ മഴത്തുള്ളികൾ പോലെ നേർത്ത ആശങ്ക ഉദിച്ചു.
ദൂരെനിന്നും സ്കൂൾ ബസിന്റെ വരവ് കാണവേ മഴയോടൊപ്പം ആശങ്കയും പേമാരി ആയി മാറി. അവളുടെ ഉള്ളിലെ ഭയം പോലെ അച്ഛനിൽ ഒരു ദുഃഖം ഉയർന്നു. മഴ ആഞ്ഞടിക്കവെ അവളെ കുടക്കുള്ളിലാക്കി അച്ഛൻ കുഞ്ഞിനെ ബസ്സിനകത്ത് കയറ്റിയിരുത്തി. കൈ കാണിച്ച് തിരികെ നടന്നപ്പോൾ, കാലം തെറ്റി വീശുന്ന കാറ്റ് പോലെ ഇരു മനസ്സുകളും ആടിയുലഞ്ഞു. മഴയുടെ തീവ്രതയിൽ സ്കൂൾ ബസ് ദൂരെ മാഞ്ഞ് ഇല്ലാതാവുന്നതും നോക്കി അച്ഛൻ കുറച്ചു നേരം നിന്നു. ആ ബസ്സിനെ പിന്തുടർന്ന് പായുന്ന ആ മഴ അകലും വരെ…."
മേഘ കുഞ്ഞുങ്ങൾക്ക് ഇടയിൽ ഇരുന്നു കൊണ്ട് ആ കാർമേഘം കുഞ്ഞു മേഘങ്ങളോടായി കഥ പറഞ്ഞു നിർത്തി. കുഞ്ഞു കുരുന്നുകളെ മഴ നനയ്ക്കുവാൻ തനിക്കും പോകണമെന്ന ഒരു കുഞ്ഞു കാർമേഘം പിടിച്ച ദുശ്ശാഠ്യം ഭൂമിയിൽ ഇരുണ്ട അമർച്ച ആയി കേട്ടു.ആ മേഘത്തിന്റെ ശാഠ്യം മറ്റു മേഘ കൂട്ടങ്ങളും പയറ്റുവാൻ ആരംഭിച്ചു. കാര്യം കൈവിട്ടുപോകുന്ന മട്ട് കണ്ട ആ വലിയ മേഘം അവരോടായി പറഞ്ഞു,
'ഭൂമിയെ കാർന്നു തിന്നാൻ പാകമായ ഒരു മഹാമാരിയിൽ നിന്നും രക്ഷ നേടി കുരുന്നുകൾ എല്ലാം വീടിനകത്തു തന്നെ കഴിയുകയാണ്. നിങ്ങളുടെ മഴത്തുള്ളികൾ അവരെ സ്പർശിക്കുകയില്ല. വെറുതെ ഭൂമിയിൽ പോകുന്നത് എന്തിന്??'
പല മേഘ കൂട്ടത്തിനും അത് ശരി എന്ന് തോന്നി. മഴയിൽ നനയാൻ കുഞ്ഞുങ്ങൾ ഇല്ലെങ്കിൽ നമ്മൾ എന്തിനു പെയ്യണം?. അങ്ങനെ അവർ വെളുത്ത പഞ്ഞിക്കെട്ടുകളായി പിരിഞ്ഞു മാറി.
എന്നാലും ആഗ്രഹം തീരാത്ത ഒരു കാർമേഘം ആ വലിയ മേഘത്തോട് ചോദിച്ചു, 'സ്കൂൾ കുട്ടികൾ ഇല്ലെങ്കിലെന്താ, മറ്റുള്ളവരില്ലെ? അവരെ ഞാൻ നനയ്ക്കട്ടെ??'
'നിൻറെ സൗന്ദര്യം ആസ്വദിക്കാൻ അവർക്ക് കഴിയില്ല, വലിയ ഒരു ഓട്ടമത്സരത്തിൽ പെട്ട് വലയുന്നവരാണ് മറ്റുള്ളവർ'.
'എങ്കിലും സാരമില്ല ഞാൻ ഒന്നും പെയ്തോട്ടെ??' ആ മേഘത്തിൻറെ അതിയായ ആഗ്രഹം കണ്ട് അവനെ ഭൂമിക്കുമേൽ പെയ്യാൻ അനുവാദം കൊടുത്തു.
പക്ഷേ സ്വരക്ഷാ കവചം അണിഞ്ഞു നടക്കുന്നതിനാൽ നേർത്ത നീർത്തുള്ളികൾ മാത്രമേ ഉതിർക്കുവാൻ കഴിഞ്ഞുള്ളൂ.
മഴക്കാലത്തെ ഓർമ്മ പുതുക്കാൻ എന്നോണം സൂര്യ കിരണങ്ങൾക്ക് ഇടയിലൂടെ ആ മേഘം മുരണ്ടു നീങ്ങി….
കുട്ടികൾ പുറത്തുവരുന്ന ആ ദിനവും കാത്ത്…..
Comments
Post a Comment